നിയോഗം എന്നൊന്നുണ്ടോ..? പ്രശസ്തരും പ്രഗത്ഭരും ആയവര്‍ അവരുടെ സ്വന്തം കഴിവുകൊണ്ട് ആ സ്ഥാനത്തെത്തിയതാണോ? അതോ അവര്‍ അങ്ങനെ ആയിത്തീരണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണോ? ഒരുപാട് കഴിവുള്ളവര്‍ പല സ്ഥാനത്തും പിന്തള്ളപ്പെട്ടുപോവുന്നതും കാര്യമായ വിദ്യാഭ്യാസവും മറ്റു കഴിവുകളും ഇല്ലാത്തവര്‍ ഉയര്‍ന്ന നിലയിലെത്തപ്പെടുന്നതും നമ്മള്‍ നിത്യേന കാണാറില്ലേ. എന്താണിതിന് കാരണം? ഇങ്ങനെ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നമുക്കിടയിലുണ്ട്.
ജ്യോതിഷത്തെ വിശ്വസിക്കാമെങ്കില്‍ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവന്‍ ആരായിത്തീരണമെന്ന് നിയോഗിക്കപ്പെട്ടുകഴിഞ്ഞിരിക്കും. അവന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെയും പ്രഗത്ഭനായ ഒരു ജ്യോത്സ്യന് പ്രവചിക്കാന്‍ കഴിയും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ന് നമ്മുടെ ജ്യോത്സ്യന്മാരില്‍ ഭൂരിഭാഗവും കള്ളനാണയങ്ങളോ അതോ പൂര്‍ണ്ണമായും ജ്യോത്സ്യം പഠിക്കാത്തവരോ ആണ്. ആധുനിക ശാസ്ത്രത്തിലെ ജീന്‍ കോഡില്‍ നിന്നും ഭാവിയില്‍ അവനു വരാനുള്ള രോഗങ്ങളും മറ്റു കാര്യങ്ങളും ഡീകോഡ് ചെയതെടുക്കാമെന്ന് നമ്മളെല്ലാം പത്രത്തില്‍ വായിച്ചില്ലേ.
കോഴിക്കോട്ടെ ഒരു വേദിയില്‍ ഒരു പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ പോലും 'നിമിത്തം' എന്നത് ശരിയാണെന്ന് പ്രസംഗിച്ച കാര്യം ഓര്‍ക്കുന്നു. പ്രശസ്തനായിരുന്ന യോഗിവര്യന്‍ പരമഹംസ യോഗാനന്ദ, അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നത് ഗ്രഹനിലയെ വെല്ലണം എന്നാണ്.
ചന്ദ്രന്റെ പ്രഭാവത്താല്‍ വേലിയേറ്റമുണ്ടാവുന്നതുപോലെ, വാവുദിവസം രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതുപോലെ, ഗ്രഹനില ഒരുവനെ സ്വാധീനിച്ചേക്കാം. പക്ഷേ അതിനെ ജയിക്കാന്‍ ഓരോരുത്തരും ജീവിതത്തെ പോസിറ്റീവ് ആയിക്കാണണം. നമ്മുടെ ജാതകദോഷം കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നോലാചിച്ച് പ്രശ്‌നങ്ങള്‍ കൂടുതല്‍ Complicated ആക്കാതെ, വിഷമങ്ങള്‍ ഉണ്ടാവുമ്പോള്‍ അവയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയാണുവേണ്ടത്. ഓരോ കഷ്ടാനുഭവവും നമ്മെ കൂടുതല്‍ കാര്യപ്രാപ്തിയുള്ളവരാക്കുകയാണ് ചെയ്യുന്നത്.
എല്ലാം നിയോഗമെന്ന് ചിന്തിച്ചാല്‍, നമ്മുടെ നേട്ടങ്ങളൊന്നും നമ്മളുടേതല്ല. മറ്റാരോ നിശ്ചയിച്ചതാണ്. മഹാരോഗത്തിന് ഒരു മരുന്ന് കണ്ടുപിടിച്ചാല്‍, പച്ചിലയില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കി ഞാന്‍ പ്രഗത്ഭനാണെന്ന് മനസ്സില്‍ കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി, എല്ലാം നിയോഗങ്ങളാണ്. പരമമായ ശക്തിയുടെ നിശ്ചയങ്ങളാണ്. ഇനി നിയോഗമെന്നത് തെറ്റാണെങ്കിലും അതുണ്ടെന്ന് വിശ്വസിക്കുന്നതാണ് നല്ലത്. കാരണം അതോടെ നമ്മുടെ അഹങ്കാരം ശമിക്കുന്നു. നമുക്കതീതമായ ശക്തിയാണ് എല്ലാം ചെയ്യിക്കുന്നതെന്ന് വിചാരം ഉണ്ടായാല്‍ തന്നെ മറ്റുള്ളവരുടെ പുകഴ്ത്തലില്‍ വീണുപോവില്ല.
ഇതെല്ലാം എന്റെ ചിന്തകളാണ്. തെറ്റായിരിക്കാം. നിങ്ങളുടെ അഭിപ്രായം എന്തായാലും തുറന്ന മനസ്സോടെ സ്വീകരിക്കാം.