അങ്ങനെ പറഞ്ഞുപറഞ്ഞു 2011 ഉം വന്നു.
നാട്ടുനടപ്പനുസരിച്ച് ഈ പുതുവര്‍ഷത്തിലും ചില പ്രതിജ്ഞകളെടുക്കുക എന്ന ചടങ്ങുകളൊക്കെയുണ്ട്.. (സംഗതി പുതുവര്‍ഷാരംഭത്തില്‍ മാത്രമേയുള്ളൂ അതുകഴിഞ്ഞാല്‍ പലര്‍ക്കും അതേപ്പറ്റി ഓര്‍മ്മ പോലുമുണ്ടാവില്ല!)
ഏറ്റവും ജനപ്രീതി നേടിയിട്ടുള്ള പ്രതിജ്ഞയാണ്, ഈ പുതുവര്‍ഷത്തില്‍ ഞാന്‍ ദുശ്ശീലങ്ങളായ മദ്യപാനം, പുകവലി എന്നിവ എന്നേക്കുമായി നിര്‍ത്തും എന്നത്. പക്ഷേ ആദ്യത്തെ ഒരുമാസം എങ്ങനെയെങ്കിലും കടിച്ചുപിടിച്ചുനിന്നുകഴിയുമ്പോള് അവയെല്ലാം പൂര്‍വ്വാധികം ശക്തിയോടെ തിരി്ച്ചുവരുന്നതാണ് സാധാരണ കണ്ടിട്ടുള്ളത്.
ഈ പുതുവര്‍ഷത്തില്‍ ഞാന്‍ തീര്‍ച്ചയായും ഒരു Ideal ഭര്‍ത്താവായി മാറുമെന്നാണ് പല ഭര്ത്താക്കന്മാരും ഭാര്യമാര്‍ക്ക് ഉറപ്പുകൊടുക്കാറുള്ളത്. അതുകേള്‍ക്കുന്ന ഭാര്യമാരുടെ മനസ്സില്‍ അപ്പോള്‍ The tail of dog.. എന്നു തുടങ്ങുന്ന മലയാളം പഴഞ്ചൊല്ല് തത്തിക്കളിക്കുന്നുണ്ടാകും...
ഈ പുതുവര്‍ഷം വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദ്ദപരമായി പെരുമാറുമെന്ന് ബസ് ജീവനക്കാരും ഉഴപ്പെല്ലാം മാറ്റിവെച്ച് നന്നായി പഠിക്കുമെന്ന് വിദ്യാര്‍ത്ഥികളും സിലബസിലുള്ള പാഠങ്ങള്‍ കൃത്യസമയത്ത് തീര്‍ക്കുമെന്ന് അധ്യാപകരും ഓഫീസില്‍ കൃത്യസമയത്തുതന്നെ എത്തുമെന്ന് തൊഴിലാളിയും, തൊഴിലാളികളോട് അനുഭാവത്തോടെ പെരുമാറുമെന്ന് മുതലാളിമാരും പ്രതിജ്ഞയെടുക്കുന്നു.. പക്ഷേ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ വ്യര്ത്ഥമെന്നറിയാന് അധികം താമസമില്ല..
ഇവരൊക്കെ പുതുവര്‍ഷ പ്രതിജ്ഞ പാലിക്കുകയാണെങ്കില്‍ ഈ ലോകം എത്ര സുന്ദരമായിത്തീരുമെന്ന് ആലോചിച്ചുനോക്കൂ...