Monday, June 6, 2011

വൈശാഖോല്‍സവത്തിന് കൊട്ടിയൂരില്‍...



വൈശാഖോല്‍സവത്തിന് പെരുമാളെക്കാണാന്‍ കൊട്ടിയൂരെത്തി. സമയം 10 മണി കഴിഞ്ഞെങ്കിലും ഊര്‍ജ്ജദായിനിയായ വാവലിപ്പുഴയില്‍ മുങ്ങി, മുങ്ങിയെടുത്ത കല്ല് ഉരച്ച് കുറിതൊട്ട് ഈറനോടെ അക്കരെക്ഷേത്രത്തിലേക്ക്....





ചാറ്റല്‍മഴയില്‍ കാനനമധ്യത്തിലെ കുഴമ്പുപരുവമായ മണ്‍പാതയിലൂടെ പെരുമാള്‍ കുടികൊള്ളുന്ന മണിത്തറ മുന്നിലേക്ക് ... ജനത്തിരക്കില്‍ അലിഞ്ഞ് ശീവേലികാണാനുള്ള കാത്തുനില്‍പ്പ്... താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ഓലമേഞ്ഞ ഷെഡുകള്‍... എങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷം... 



മറ്റു ക്ഷേത്രങ്ങള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അക്കരെ കൊട്ടിയൂരില്‍ കാണാനായി. പുഴയില്‍ മുങ്ങി ഈറനോടെയുള്ള ക്ഷേത്രദര്‍ശനമാവാം. അമ്പലമില്ലാതെ മണിത്തറയിലിരിക്കുന്ന പെരുമാളാവാം. എന്തായാലും ഈശ്വരസാമീപ്യം ആവോളം അനുഭവിച്ചേ ഏതൊരു ഭക്തനും കൊട്ടിയൂര്‍ വിടൂ.





ഭൃഗുമുനിയുടെ താടിയെന്ന് സങ്കല്പിക്കുന്ന ഓടപ്പൂവും വാങ്ങി, അടുത്ത വര്‍ഷവും വന്നെത്തുവാന്‍ അവസരമൊരുക്കണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് മടക്കം... 

Saturday, January 1, 2011

പുതുവര്‍ഷദിനക്കാഴ്ചകള്‍

പുതുവര്‍ഷത്തില്‍ രാവിലെ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച... റോഡുകളെല്ലാം വിജനം... ബസുകളില്‍ തിരക്ക് കുറവ്... ശനിയാഴ്ചയും പുതുവര്‍ഷവും വന്നതോടെ ഇന്നലെ രാത്രി ന്യഇയര്‍ ആഘോഷത്തില്‍ പങ്കെടുത്ത് അര്‍മ്മാദിച്ചവരും ടിവി പരിപാടികള്‍ പുലരുംവരെ വാശിയോടെ കണ്ടുതീര്‍ത്തവരും ഉച്ചയോടെയായിരിക്കും തലപൊക്കിയത്.. 
ഇനി ഏതായാലും നാളെ ഞായറാഴ്ചയല്ലെ... ഇന്ന് ലീവാക്കിയാല്‍ രണ്ട് ഒഴിവുദിനം ആഘോഷിച്ച് തിങ്കളാഴ്ച പുതുവര്‍ഷം തുടങ്ങിയാല്‍ മതി എന്ന് വിചാരിച്ചവരും കുറവല്ല...
അല്ല.. ഇതെന്താ ഇത്രകണ്ട് ആഘോഷിക്കാന്‍.. എല്ലാദിവസം പോലെയല്ലേ പുതുവര്‍ഷദിനവും...? എന്ന് ചിന്തിച്ചുപോവുന്നവരെ കുറ്റം പറയാനും പറ്റില്ല. 
അല്ലെങ്കിലും ആഘോഷിക്കാന്‍ എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുകയല്ലേ നമ്മള്‍... വര്‍ഷം മുഴുവനും പുതുവര്‍ഷാഘോഷമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...!